KERALA
സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കവുമായി സിപിഎം
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കവുമായി സിപിഎം. സംസ്ഥാന സമിതിയിലെ തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിനായി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും.
മന്ത്രിമാരുടെ ഓഫീസിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് വേണ്ടിയാണ് യോഗം വിളിക്കുന്നത്. എല്ലാ സ്റ്റാഫ് അംഗങ്ങളെയും വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ വിശദീകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
മന്ത്രിമാരുടെ ഓഫിസിനെ കുറിച്ച് സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്താണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിമര്‍ശനങ്ങള്‍ക്ക് ഇന്നലെ മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു. മന്ത്രിമാര്‍ക്കും സര്‍ക്കാരിനുമെതിരായ പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു. മന്ത്രിമാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വര്‍ക്ക് പരിചയക്കുറവുമുണ്ട്. പക്ഷേ, ആദ്യ പിണറായി സര്‍ക്കാരും രണ്ടു വര്‍ഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് വരണമെന്ന നിര്‍ദ്ദേശം ഉള്‍ക്കൊള്ളുന്നു. മന്ത്രിമാര്‍ പെരുമാറ്റം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
