Crime
ശിവശങ്കർ ചില്ലറക്കാരനല്ലെന്ന് ഇഡി സ്വപ്നക്ക് ലോക്കർ എടുത്ത് നൽകിയതും അക്കൗണ്ടന്റിനെ ഏർപ്പാടാക്കിയതും ശിവ ശങ്കർ

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അടുത്ത ബന്ധമെന്ന് എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സ്വപ്നയ്ക്കും മറ്റു രണ്ടു പ്രതികൾക്കുമെതിരെ കോടതിയിൽ സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വപ്ന സുരേഷിന് ലോക്കർ എടുത്തു നൽകിയത് എം. ശിവശങ്കറാണ് എന്നതിനു തെളിവു ലഭിച്ചിട്ടുണ്ട്. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തിയ 30 ലക്ഷം രൂപ സ്ഥിരനിക്ഷേപമിടാൻ നിർദേശിച്ചതും എം.ശിവശങ്കറാണ്. ഇടപാടുകൾ സംബന്ധിച്ച് ശിവശങ്കർ സ്വപ്നയുമായും ഇവരുടെ ചാർട്ടേഡ് അക്കൗണ്ടന്റുമായും നടത്തിയ വാട്സാപ് സന്ദേശങ്ങളുടെ ഓഡിയോ ക്ലിപ് ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
സ്വപ്നയ്ക്ക് ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തി നൽകിയത് എം. ശിവശങ്കറാണ്. ലോക്കർ എടുക്കുന്നതിന് പണവുമായി ചാർട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്ന സമീപിക്കുമ്പോൾ ഒപ്പം ശിവശങ്കറുമുണ്ടായിരുന്നെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. കൂടുതൽ ഡിജിറ്റൽ തെളിവുകൾ കൂടി ചേർത്തശേഷം പൂർണ കുറ്റപത്രം വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു.
അതേസമയം, സ്വപ്ന സുരേഷുമായി നടത്തിയിട്ടുള്ള വാട്സാപ് സന്ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഓർമയില്ലെന്ന നിലപാടായിരുന്നു ശിവശങ്കർ ചോദ്യം ചെയ്യുമ്പോൾ സ്വീകരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇടപാടുകൾ വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിച്ച ശേഷം ശിവശങ്കറിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്നല്ലാതെ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നതു സംബന്ധിച്ച വിവരങ്ങൾ ഇതുവരെയും പുറത്തു വന്നിരുന്നില്ല.
സ്വപ്നയ്ക്ക് വിവിധ ബാങ്കുകളിൽ നികുതിയടയ്ക്കാത്ത വൻ തുകയുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതികൾക്ക് ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്നാണ് കോടതിയിൽ ഇഡി സ്വീകരിച്ച നിലപാട്.
അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം വിശദമായി പഠിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂട്ടർ അറിയിച്ചതിനെ തുടർന്ന് ഇന്നു പരിഗണിക്കാനിരുന്ന പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി.