KERALA
വര്‍ദ്ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങള്‍ സംബന്ധിച്ച് ജസ്റ്റിസ് സിരിജഗന്‍ സമിതിയില്‍നിന്ന് റിപ്പോര്‍ട്ട് തേടുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങള്‍ സംബന്ധിച്ച് ജസ്റ്റിസ് സിരിജഗന്‍ സമിതിയില്‍നിന്ന് റിപ്പോര്‍ട്ട് തേടുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തെരുവ് നായ അക്രമങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വെള്ളിയാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ തെരുവ് നായ ശല്യം അനുദിനം വര്‍ദ്ധിച്ചുവരികയാണെന്ന് ഹര്‍ജിക്കാരായ സാബു സ്റ്റീഫന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വി.കെ. ബിജു സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. നായയുടെ കടിയേല്‍ക്കുന്ന പല കുട്ടികളും ഗുരുതവസ്ഥയിലാണ്. ഇതില്‍ പലരും പ്രതിരോധ വാക്‌സിന്‍ എടുത്തവരാണ്. കടിയേല്‍ക്കുന്ന പലരും ദിവസവേതനക്കാരുടെ മക്കളാണ്. അതീവഗുരതരമായ ഈ വിഷയത്തെക്കുറിച്ച് ജസ്റ്റിസ് സിരിജഗന്‍ സമിതിയില്‍നിന്ന് കോടതി റിപ്പോര്‍ട്ട് തേടണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.
കേരളത്തിലെ തെരുവ് നായ പ്രശ്നം പഠിക്കാന്‍ സുപ്രീംകോടതി ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ രൂപവത്കരിച്ചിരുന്നു. തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ചുള്ള ശുപാര്‍ശ നല്‍കാനും കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.