Connect with us

Crime

കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി

Published

on

ആലപ്പുഴ : വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തില്‍ നിയമംലംഘിച്ചു നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. റിസോര്‍ട്ടിന്റെ തെക്കുവശം പുറമ്പോക്കുഭൂമിയാണെന്നു കണ്ടെത്തിയ സ്ഥലത്തെ രണ്ടു വില്ലകളാണു ആദ്യം പൊളിക്കുന്നത്. തീരപരിപാലന നിയമംലംഘിച്ച് നിര്‍മിച്ചതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. പരിസ്ഥിതിക്കും മത്സ്യബന്ധനത്തിനും ദോഷകരമാകാത്തവിധം കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുമെന്നു നടത്തിപ്പുകാര്‍ ജില്ലാഭരണകൂടത്തിനുറപ്പു കൊടുത്തിരുന്നു അവർ തന്നെയാണ് പൊളിച്ച് മാറ്റുന്നത്. നടപടികള്‍ക്ക് കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂരജ് ഷാജി, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.

ഘട്ടംഘട്ടമായി ആറുമാസത്തിനുള്ളില്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണു തീരുമാനം. റിസോര്‍ട്ട് നിര്‍മിക്കാന്‍ കൈയേറിയതായി കണ്ടെത്തിയ 2.9397 ഹെക്ടര്‍ സ്ഥലം കഴിഞ്ഞദിവസം കളക്ടര്‍ സര്‍ക്കാരിലേക്കേറ്റെടുത്തിരുന്നു.

Continue Reading