KERALA
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി സാക്ഷിയാകുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് സി.ബി.ഐ

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാട് അധോലോക ഇടപാടാണെന്ന് സി.ബി.ഐ.കോടതിയിൽ വ്യക്തമാക്കി. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും സി.ബി.ഐ.കോടതിയിൽ പറഞ്ഞു.
ശിവശങ്കരൻ തന്റെ ഓഫീസിലേക്ക് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി.ജോസിനേയും ഗീതു എന്ന ഉദ്യോഗസ്ഥയേയും വിളിച്ച് വരുത്തി. അപ്പോൾ മാത്രമാണ് ഇത്തരമൊരു നിർമാണക്കരാറിലേക്ക് എത്തിയ കാര്യം സി.ഇ.ഒ. ആയ യു.വി.ജോസ് പോലും അറിയുന്നത്. കേസിൽ യു.വി.ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.
യു.എ.ഇ. കോൺസുലേറ്റിന്റെ പണം റെഡ്ക്രസന്റിൽ നിന്നാണോ വന്നതെന്ന കാര്യത്തിൽ സംശയമുണ്ടെന്നും സി.ബി.ഐ. പറഞ്ഞു. യൂണിടാക്കിന് ലഭിച്ച പണം കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നാണ് റെഡ്ക്രസന്റിൽ നിന്നല്ല. തന്നെയുമല്ല യു.എ.ഇ.കോൺസുൽ ജനറലും യൂണിടാക്കും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന കരാർ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും സി.ബി.ഐ. പറഞ്ഞു.
യു.എ.ഇ കോൺസുലേറ്റിലേക്ക് റെഡ്ക്രസന്റിൽ നിന്ന് പണം വന്നതായി യാതൊരു തെളിവും ഇതുവരെ ലഭ്യമായിട്ടില്ല. ഈ കരാറിലേക്ക് യൂണിടാക്കിനെ എത്തിച്ചത് ടെണ്ടറിന്റെ പിൻബലത്തിലല്ല. ടെണ്ടർ നടപടികളുണ്ടായിട്ടില്ല. കമ്മീഷൻ ഉറപ്പിച്ച ശേഷം നടന്ന കരാറാണ് ഇതെന്നാണ് സി.ബി.ഐ. വാദം. 40 ശതമാനം കമ്മീഷൻ പോയ പദ്ധതിയാണ് ഇത്. 20 ശതമാനം കോൺസുൽ ജനറലിനും 10 ശതമാനം സ്വപ്നയ്ക്കും കമ്മീഷനായി ലഭിച്ചെന്നും സി.ബി.ഐ. പറഞ്ഞു.
കരാറുമായി ബന്ധപ്പെട്ട് യുണിടാക്ക് ആദ്യം സമീപിക്കുന്നത് സന്ദീപ് നായരെയാണ്. പിന്നീട് സരിത്തിനെയും സ്വപ്നയെയും കണ്ടു. ഇവരെല്ലാം തന്നെ കുപ്രസിദ്ധ കളളക്കടത്തുകേസുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്. കരാറിലേർപ്പെട്ട ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികൾക്കായി സ്വപ്ന സുരേഷ്, യൂണിടാക്ക് ഉടമ സന്തോഷ് സ്റ്റീഫനെ വിളിച്ച് എം.ശിവശങ്കറിനെ കാണണമെന്ന് ആവശ്യപ്പെട്ടതായും സന്തോഷ് സ്റ്റീഫന്റെ മൊഴി ഉദ്ധരിച്ച് സി.ബി.ഐ. പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ എം.ശിവശങ്കറിനെ സന്തോഷ് സ്റ്റീഫൻ ഓഫീസിലെത്തി കാണുന്നു. ആ സമയത്ത് ശിവശങ്കർ യു.വി.ജോസിനേയും ഗീതുവിനേയും ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നു. അവിടെവെച്ചാണ് ലൈഫ്മിഷൻ സി.ഇ.ഒ. യു.വി.ജോസ് യൂണിടാക് ഉടമകളെ കാണുന്നത്. അപ്പോഴാണ് ഇത്തരത്തിലുളള കരാർ ഉളള കാര്യം പോലും സി.ഇ.ഒ അറിയുന്നത്. യൂണിടാക്കിന് എല്ലാ സഹായവും ചെയ്തുകൊടുക്കാൻ യു.വി.ജോസിനോട് ശിവശങ്കർ ആവശ്യപ്പെട്ടതായും സി.ബി.ഐ പറഞ്ഞു