Connect with us

KERALA

കോടിയേരി ബാലകൃഷ്ണന്റെ ദൗതിക ശരീരം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു

Published

on

കണ്ണൂര്‍ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ദൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര വീട്ടില്‍ നിന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി.. വൈകിട്ട് 3 വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം. ഈങ്ങയില്‍പീടികയിലെ ‘കോടിയേരി’ കുടുംബ വീട്ടിലെ പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണെത്തിയത്. പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കണ്ട് കണ്ണീരണിഞ്ഞാണ് പലരും മടങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ തന്നെ ‘കോടിയേരി’വീട്ടിലേക്ക് എത്തിച്ചേര്‍ന്നിരുന്നു.

ഇന്നലെ ഏഴുമണിക്കൂറോളം തലശ്ശേരിയിലെ ടൗണ്‍ ഹാളില്‍ കോടിയേരിക്ക് അടുത്തിരുന്ന ശേഷം രാത്രിയോട് വീട്ടിലേക്ക് എത്തി ബന്ധുക്കളെയും ആശ്വസിപ്പിച്ചതിനും ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. ഇന്ന് രാവിലെ കോടിയേരിയുടെ വീട്ടിലെത്തിയ ശേഷമാണ് അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയത്.
കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തലശ്ശേരി വീട്ടില്‍നിന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്കുള്ള വഴിയില്‍ ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മീത്തലെ പീടിക,മുഴപ്പിലങ്ങാട്,എടക്കാട്,ചാല,താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലാണ് ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നത്. സ്പീക്കര്‍ ഷംസീര്‍, എംഎം മണി എംഎല്‍എ, മുകേഷ് എംഎല്‍എ, സംവിധായകന്‍ രഞ്ജിത്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീട്ടിലേക്ക് എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും. കണ്ണൂര്‍, തലശേരി , ധര്‍മ്മടം, മാഹി എന്നിടങ്ങളില്‍ ദു:ഖ സൂചകമായി സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നതും ഹോട്ടലുകള്‍ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാല്‍നടയായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക.

Continue Reading