KERALA
കോടിയേരിക്ക് യാത്രാമൊഴി നൽകി പയ്യാമ്പലം . പൂർണ ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കാരം നടന്നത്

.
കണ്ണൂർ: സിപിഎമ്മിലെ സൗമ്യ മുഖമായ പ്രിയ നേതാവിന് വിട. പോളിറ്റ്ബ്യൂറോ അംഗവും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ മൃതദേഹം പയ്യാമ്പലം ബീച്ചിന് സമീപം പ്രത്യേകം ഒരുക്കിയ സ്ഥലത്ത് സംസ്‌കരിച്ചു. മക്കളായ ബിനോയ്, ബിനീഷ് എന്നിവർ ചേർന്ന് 3.50ഓടെ ചിതയ്‌ക്ക് തീ കൊളുത്തി.സിപിഎമ്മിന്റെ അനശ്വര നേതാക്കളായ ഇ.കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്‌മൃതികുടീരത്തിന് ഇടയിലാണ് കോടിയേരിയ്‌ക്കും ചിതയൊരുക്കിയത്. പൂർണ ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കാരം നടന്നത്. ‘രക്തസാക്ഷികൾ അമരന്മാർ, രക്തസാക്ഷികൾ സിന്ദാബാദ്’ എന്നതടക്കം ഉച്ചത്തിലുളള മുദ്രാവാക്യം വിളികളോടെയാണ് പാർട്ടി അണികൾ പ്രിയ നേതാവിനെ യാത്രയാക്കിയത്.