Connect with us

Life

ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ വിശാലബെഞ്ചിന് കൈ മാറി

Published

on

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ വിശാലബെഞ്ചിന് കൈ മാറി. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് രണ്ടു വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ കേസ് വിശാല ബെഞ്ചിനു വിടുകയായിരുന്നു.

പത്തു ദിവസമാണ്, ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാംശു ധുലിയയും അടങ്ങിയ ബെഞ്ച് കേസില്‍ വാദം കേട്ടത്.അപ്പീല്‍ തള്ളുന്നതായി ജസ്റ്റിസ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിന്യായത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നതായി ജസ്റ്റിസ് ധുലിയ, പ്രത്യേകം തയാറാക്കിയ ഉത്തരവില്‍ അറിയിച്ചു.ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ്, ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അത് വിദ്യാര്‍ഥികളുടെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നു കാണാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ് സര്‍ക്കാര്‍ ഉത്തരവെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. മതാചാരം ക്രമസമാധാന പ്രശ്നമാവുന്ന ഘട്ടത്തില്‍ മാത്രമേ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമുള്ളു. മൗലിക അവകാശങ്ങള്‍ പ്രയോഗിക്കാനുള്ള സാഹചര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനമാണ് സര്‍ക്കാര്‍ ഉത്തരവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

ഉത്തരവ് ഏതെങ്കിലും മതത്തെ ലാക്കാക്കിയല്ലെന്നും മതേതര സ്വഭാവം ഉള്ളതാണെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ വാദിച്ചത്. 2021വരെ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളജില്‍ വന്നിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് സാമൂഹ്യ മാധ്യമങ്ങല്‍ നടത്തിയ പ്രചാരണത്തെത്തുടര്‍ന്നാണ് കുട്ടികള്‍ കൂട്ടത്തോടെ ഹിജാബ് ധരിക്കാന്‍ തുടങ്ങിയതെന്നും സര്‍ക്കാര്‍ വാദത്തിനിടെ അറിയിച്ചു.

Continue Reading