Connect with us

Crime

ഓണ്‍ലൈനില്‍ അപകീര്‍ത്തിപ്പെടുത്തിയാൽ 66എ പ്രകാരം നടപടി അരുതെന്ന് സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: ഓണ്‍ലൈനിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഐടി നിയമത്തിലെ 66എ വകുപ്പു പ്രകാരം നടപടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി. ഈ വകുപ്പ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നിട്ടും നടപടികള്‍ തുടരുന്നതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഉത്തരവ്.

ഐടി നിയമത്തിലെ 66എ വകുപ്പു പ്രകാരം ഒരു കേസും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരും പൊലീസ് മേധാവിമാരും ഉറപ്പാക്കണം. നേരത്തെ എടുത്ത കേസുകളില്‍ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

ഐടി നിയമത്തിലെ 66എ വകുപ്പിനു മാത്രമാണ് നിര്‍ദേശം ബാധകമെന്ന് കോടതി വ്യക്തമാക്കി. ഒരേ കുറ്റത്തിനു മറ്റേതെങ്കിലും വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന് ഇതു ബാധകമല്ല.

ഐടി നിയമവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആശയ വിനിമയമങ്ങളില്‍ 66എ വകുപ്പ് റദ്ദാക്കിയതാണെന്ന് വിശദീകരിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.

കോടതി ഉത്തരവു വന്നതിനു ശേഷവും ഐടി നിയമത്തിലെ 66എ വകുപ്പു പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും നേരത്തെ എടുത്ത കേസുകളില്‍ നടപടികള്‍ തുടരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പിയുസിഎല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Continue Reading