Crime
പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ എൻ ഐ എ അർദ്ധരാത്രി വീട് വളഞ്ഞ് പിടികൂടി

പാലക്കാട്: പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ എൻ ഐ എ അറസ്റ്റ് ചെയ്തു. അർദ്ധരാത്രി പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. പി എഫ് ഐ നിരോധനത്തിന് പിന്നാലെ റൗഫ് ഒളിവിൽ പോകുകയായിരുന്നു.
കർണാടകയിലും തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞ റൗഫ് ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി റൗഫിന്റെയും ബന്ധുക്കളുടെയും വീടുകൾ എൻ ഐ എയുടെ നിരീക്ഷണത്തിലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് റൗഫിന്റെ വീട്ടിൽ എൻ ഐ എ റെയ്‌ഡ് നടത്തിയിരുന്നു.കഴിഞ്ഞ സെപ്‌തംബറിലാണ് പോപ്പുലർ ഫ്രണ്ടിനെയും ക്യാംപസ് ഫ്രണ്ട് ഒഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ വിമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചത്. അഞ്ച് വർഷത്തേക്കാണ് നിരോധനം.