Crime
ഗ്രീഷ്മ പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് റൂറൽ എസ് പി ഡി ശിൽപ പറഞ്ഞു.സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയല്ല ഗ്രീഷ്മ ഉപയോഗിച്ചതെന്നും എസ് പി വ്യക്തമാക്കി. ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും അത് പാലിക്കാത്തതിനാലാണ് നടപടിയെന്ന് എസ് പി കൂട്ടിച്ചേർത്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന ലൈസോൾ എടുത്തുകുടിക്കുകയായിരുന്നു.ഛർദിച്ചതിനെ തുടർന്ന് ഗ്രീഷ്‌മയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.താൻ അണുനാശിനി കുടിച്ചതായി യുവതി സമ്മതിച്ചിട്ടുണ്ട്. ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാൽ ചോദ്യം ചെയ്യൽ ആരംഭിക്കും.