Crime
കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചു; എംപിയുടെ മകനെ വസ്ത്രമഴിച്ച് പരിശോധിച്ചു

തിരുവനന്തപുരം: കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്, രാജ്യസഭാ എംപിയുടെ മകനെ രാജ്യാന്തര വിമാനത്താവളത്തില്‍ വിവസ്ത്രനാക്കി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് വിവാദമാകുന്നു. എംപിയുടെ മകനാണെന്നു സ്ഥിരീകരിച്ചിട്ടും, മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ പരിശോധനയും നടത്തി. തുടര്‍ന്ന് കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സര്‍ക്കാരിനു പരാതി നല്‍കി.
എന്നാല്‍ ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടു നടത്തിയ പരിശോധന ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേരളപ്പിറവി ദിനത്തില്‍ ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ കോഴിക്കോട്ടെ യാത്രക്കാരനാണ് ദുരനുഭവം.
താന്‍ എംപിയുടെ മകനാണെന്നും പറഞ്ഞെങ്കിലും അധികൃതര്‍ വിശ്വസിച്ചില്ല. തടഞ്ഞുവച്ച വിവരം യാത്രക്കാരന്‍ ബന്ധുക്കളെ അറിയിച്ചതോടെ അവര്‍ കസ്റ്റംസുകാരോടു സംസാരിച്ചു. അതിനിടെ സ്വര്‍ണം തേടിയുള്ള ദേഹപരിശോധന ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്നു ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്‌സറേ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടു പോയി. ഇത്തരം പരിശോധനയ്ക്ക് യാത്രക്കാരന്റെ സമ്മതപത്രമോ മജിസ്‌ട്രേട്ടിന്റെ അനുമതി വേണമെന്നാണ് ചട്ടം. ഉള്ളില്‍ സ്വര്‍ണമില്ലെന്നു കണ്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിട്ടയയ്ക്കുകയായിരുന്നു.