Crime
ഗിനി നേവി അറസ്റ്റ് ചെയ്ത സനു ജോസിനെ തിരികെ എത്തിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന 15 ഇന്ത്യക്കാര്‍ തടവിൽ

ന്യൂഡൽഹി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇന്ത്യൻ കപ്പലില്‍ നിന്ന് അറസ്റ്റിലായ മലയാളി ചീഫ് ഓഫീസറെ തിരിച്ച് കപ്പലില്‍ എത്തിച്ചു. ഇന്നലെ എക്വറ്റോറിയല്‍ ഗിനി നേവി അറസ്റ്റ് ചെയ്ത സനു ജോസിനെയാണ് തിരികെ എത്തിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന വിജിത്ത് ഉള്‍പ്പെടെയുള്ള 15 ഇന്ത്യക്കാര്‍ കരയില്‍ തടവിലാണ്. ഗിനി നേവിയാണ് ഇവരെ കരയില്‍ തടവിലാക്കിയത്. തങ്ങള്‍ സുരക്ഷിതരല്ലെന്നാണ് ബന്ദികളാക്കപ്പെട്ടവര്‍ പറയുന്നത്.
ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്നും. എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ടെന്നും ആയുധധാരികളായ പട്ടാളമാണ് പുറത്തുള്ളതെന്നുതെന്നും തടവിലാക്കപ്പെട്ടവർ പറയുന്നു. താത്കാലിക ആശ്വാസം എന്ന് മാത്രമാണ് ഈ നീക്കത്തെ പറയാന്‍ കഴിയുക. കപ്പലിന് 24 നോട്ടിക്കല്‍ മൈല്‍ അകലെ നൈജീരിയന്‍ നേവി നില ഉറപ്പിച്ചിരിക്കുകയാണ്. ആശങ്കയുള്ള സാഹചര്യമാണ് ഉള്ളത്. നിരന്തരം ശ്രമിക്കുകന്നുണ്ടെന്ന് മാത്രമാണ് എംബസിയില്‍ നിന്ന് ലഭിക്കുന്ന വിവരം. പക്ഷേ മോചനത്തിനുള്ള നീക്കങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇടപെടല്‍ മൂലം നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞെന്ന് സനു ജോസ് പറഞ്ഞു.
സനുവിനെ നൈജീരിയക്ക് കൈമാറിയേക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ തിരിച്ച് കപ്പലില്‍ എത്തിച്ചിരിക്കുകയാണ്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 പേരാണുള്ളത്. ഇവരില്‍ പതിനാറ് പേര്‍ ഇന്ത്യക്കാരാണ്.
എന്നാല്‍ ജീവനക്കാര്‍ തടവിലായ ഓഗസ്റ്റ് മുതല്‍ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഗിനിയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. എഎ റഹീം എംപി വിദേശകാരമന്ത്രാലയത്തിന് നല്‍കിയ കത്തിന് മറുപടിയായാണ് എംബസിയുടെ പ്രതികരണം. ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍, വി ശിവദാസന്‍, എഎ റഹീം എന്നിവരാണ് വിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയത്.