KERALA
മാധ്യമങ്ങൾ വിവാദങ്ങൾക്ക് പിറകെ പോകുന്നു. യുക്തമായ സമയത്ത് യുക്തമായ തീരുമാനമാണ് രാഷ്ട്രീയമെന്നും കോടിയേരി

തിരുവനന്തപുരം: മാധ്യമങ്ങൾ വിവാദങ്ങൾ വിട്ട് ജനജീവിതവുമായി ബന്ധമുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമങ്ങളുമായി ഇക്കാര്യത്തിൽ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല. വികസനം ചർച്ചയാകാതിരിക്കാൻ നിരന്തരം വിവാദങ്ങൾ ഉണ്ടാക്കുകയാണ്. ഇന്നത്തെ നില തുടരുന്നത് മാധ്യമങ്ങൾക്കും ജനാധിപത്യത്തിനും നല്ലതല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
പത്രമാരണ നിയമങ്ങൾ കൊണ്ടുവരണമെന്ന് സിപിഎം ആഗ്രഹിക്കുന്നില്ല. മാധ്യമ സ്വാതന്ത്ര്യം ആവശ്യമാണെന്ന നിലപാടാണ് പാർട്ടിക്കുള്ളത്. എന്നാൽ തെറ്റായ വാർത്തകൾ നൽകുന്നത് മാധ്യമങ്ങൾ തന്നെ പരിശോധിക്കണം. തിരുത്താൻ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് എംഎൽഎ പി.ടി തോമസിനെതിരെ ഉയർന്നുവന്ന ആരോപണം ഗൗരവതരമാണ്. ഇതിന്റെ നിജസ്ഥിതി പുറത്തുവന്നിട്ടില്ല. അദ്ദേഹം കളങ്കിതനാണോയെന്ന് കോൺഗ്രസ് പാർട്ടി പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ജോസ് കെ. മാണി വിഭാഗം പരസ്യമായി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചാൽ അവരോടുള്ള സമീപനം സംബന്ധിച്ച് പാർട്ടിയും എൽഡിഎഫും ചർച്ച ചെയ്ത് തീരുമാനം എടുക്കും. യുക്തമായ സമയത്ത് യുക്തമായ തീരുമാനം. അതാണ് രാഷ്ട്രീയം- കോടിയേരി പറഞ്ഞു.