Education
പൊതുസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ ചാന്‍സലറെ നിയമിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. പൊതുസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ ചാന്‍സലറെ നിയമിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കാര്‍ഷിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാര്‍ വരും. കേരള, കാലിക്കറ്റ്, കണ്ണൂര്‍ എം.ജി, സംസ്‌കൃതം, മലയാളം സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട ഭരണഘടനബാധ്യത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിറവേറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി പകരം മന്ത്രിമാരെയോ വിദഗ്ധരെയോ നിയമിക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ബില്‍ പാസാക്കുന്നതിന് ഡിസംബര്‍ 5 മുതല്‍ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചേക്കും.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് സര്‍ക്കാരിന് ഭരണഘടനാ വിദഗ്ധരില്‍നിന്ന് ലഭിച്ച നിയമോപദേശം. മുന്‍ അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെയുള്ളവരാണ് സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്. ബംഗാളില്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കി പകരം മുഖ്യമന്ത്രിക്ക് ആ ചുമതല നല്‍കിയിരുന്നു. ബംഗാള്‍ നിയമസഭ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കിയ രീതിയില്‍ ഇവിടെയും ഓര്‍ഡിനന്‍സ് അവതരിപ്പിക്കാനാണ് നീക്കം.