Crime

തിരുവനന്തപുരം: കോർപ്പറേഷനിലെ കത്തുവിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സി പി എം ജില്ലാ സെക്രട്ടറിക്ക് കത്തുനൽകിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യൽ അന്വേഷണമോ സി ബി ഐ അന്വേഷണമോ വേണമെന്നാണ് ഹർജിയിലെ ആവശ്യം. രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷനിൽ നടന്നതായും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്. ആളെ ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചത് സ്വജന പക്ഷപാതമാണ്.ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
കരാർ നിയമനങ്ങൾക്കുവേണ്ടിയുള്ള പട്ടിക ആവശ്യപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ നൽകിയ കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഒഴിവുള്ള ജോലികളുടെ എണ്ണം വ്യക്തമാക്കിയശേഷം നിയമനത്തിന് ലിസ്റ്റ് തരണമെന്നാണ് മേയറുടെ ഔദ്യോഗിക ലെറ്റർപാഡിലുളള കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിന് തൊട്ടുപിന്നാലെ എസ് എ ടി ആശുപത്രി പരിസരത്തെ വിശ്രമകേന്ദ്രത്തിലേക്ക് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് ഡി ആർ അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നു.