Crime
കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്.മേയർക്ക് പറയാനുള്ളത് കേട്ട ശേഷം ഹർജിയിൽ തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. വിവാദ കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി ബി ഐ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് നഗരസഭാ മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹർജി ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
ആര്യാ രാജേന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജനപക്ഷപാതം കാണിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. എൽ ഡി എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെ കത്തിനെക്കുറിച്ചും അന്വേഷണം വേണമെന്നും ജി എസ് ശ്രീകുമാർ ആവശ്യപ്പെട്ടു. അനധികൃത നിയമനങ്ങൾ കോർപ്പറേഷനിൽ നടന്നതായും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്