Connect with us

Crime

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താൻ കൂടി കാഴ്ച നടത്തിയതായി സ്വപ്ന സുരേഷ്

Published

on


കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷടക്കമുള്ളവരും മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിലായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകി. 2017 ല്‍ നടന്ന അത്തരം പല കൂടിക്കാഴ്ചകളിലൂടെ സ്വപ്‌നയെ മുഖ്യമന്ത്രിക്കറിയാം.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വപ്‌ന നല്‍കിയ മൊഴിയില്‍ കൂടിക്കാഴ്ചയെക്കുറിച്ച് വിശദമായി വിവരിക്കുന്നു:
സ്വപ്നയുടെ മൊഴി പകർപ്പിൽ ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു :

”2017 ല്‍ മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ പല സ്വകാര്യ കൂടിക്കാഴ്ചകളിലൊന്നില്‍, മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു ശിവശങ്കര്‍ ഐഎഎസ് ആയിരിക്കും യുഎഇ കോണ്‍സുലേറ്റും കേരള സര്‍ക്കാരും തമ്മിലുള്ള മുഖ്യകണ്ണിയെന്ന്. അതുമുതല്‍ യുഎഇ കോണ്‍സുലേറ്റുമായുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ശിവശങ്കര്‍, കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായ എന്നെ വിളിക്കുമായിരുന്നു. അതേപോലെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തെയും വിളിച്ചു. അങ്ങനെ ഞങ്ങളുടെ ബന്ധം വളര്‍ന്നു.”

മുഖ്യമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ചകള്‍ നടന്നത്. ‘സ്വകാര്യ കൂടിക്കാഴ്ചകള്‍’ ആയിരുന്നു. ‘2017 മുതല്‍’ ഇതുണ്ട്. മുഖ്യമന്ത്രി, ശിവശങ്കര്‍, കോണ്‍സല്‍ ജനറല്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നത്. അത്തരം ഒരു യോഗത്തില്‍ ‘അനൗദ്യോഗിക’മായാണ് ശിവശങ്കറിനെ കോണ്‍സുലേറ്റ് സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകളുടെ മുഖ്യകണ്ണിയായി അറിയിച്ചത്.

മുഖ്യമന്ത്രിക്ക് എന്നെ അറിയാമെന്നും സ്‌പേസ് പാര്‍ക്ക് പ്രോജക്ടിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇഡിയോട് സ്വപ്‌ന സുരേഷ് വിശദീകരിച്ചിട്ടുണ്ട്. മറ്റൊരു അന്വേഷണ ഏജന്‍സിയായ എന്‍ഐഎയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് യുഎഇ ഔദ്യോഗിക യാത്രാ സംഘത്തില്‍ ചേര്‍ന്നതെന്ന് സ്വപ്‌നയും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സ്വപ്‌നയെ സംഘത്തില്‍ ചേര്‍ത്തതെന്ന് എം. ശിവശങ്കറും മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്ന സുരേഷ് ഇ.ഡിക്ക് നൽകിയ മൊഴിപ്പകർപ്പ് പുറത്തായതോടെ മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങൾക്ക് ശക്തി കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.

Continue Reading