Connect with us

KERALA

പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വരെ ചാൻസലർ ആക്കാൻ പറ്റും, ബില്ലിനെ എതിർത്ത് പ്രതിപക്ഷം

Published

on

തിരുവനന്തപുരം: പതിനാല് സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള‌ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ബില്ലിൽ തടസവാദങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി.

ബില്ലിൽ അനേകം പ്രശ്നങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. യു ജി സിയുടെ മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളാണ് ബില്ലിൽ ഉള്ളത്. സുപ്രീംകോടതി വിധികൾക്ക് വിരുദ്ധമാണ് ബിൽ. നിയമപരമായി ബിൽ നിലനിൽക്കില്ല. ചാൻസലറുടെ ആസ്ഥാനം സർവകലാശാല ആസ്ഥാനത്തായിരിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. ചെലവ് സർവകലാശാല തനത് ഫണ്ടിൽ നിന്നായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു. ചാൻസലറുടെ നിയമന അധികാരി സർക്കാരാണ്. ചാൻസലര്‍ ഇല്ലെങ്കിൽ ചുമതല പ്രോ ചാൻസലര്‍ക്കായിരിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. അങ്ങനെയെങ്കിൽ നിയമന അധികാരിയായ മന്ത്രി ചാൻസലർക്ക് കീഴിൽ വരും. ഇത്തരത്തിൽ ഒരുപാട് നിയമപ്രശ്നങ്ങളുണ്ടെന്ന് വി ‌ഡി സതീശൻ വ്യക്തമാക്കി.ചാൻസലർ നിയമനത്തിന് നിയമനപ്രക്രിയയില്ല. അതിനാൽതന്നെ മന്ത്രിസഭയ്ക്ക് ഇഷ്ടമുള്ളയാളെ നിയമിക്കാൻ സാധിക്കും. സർക്കാരും ഗവർണറും ഒരേപാതയിലാണ് സഞ്ചരിക്കുന്നത്. സർക്കാരിന്റെ ചട്ട വിരുദ്ധ നിലപാടുകളെ ആദ്യം ഗവർണർ അംഗീകരിച്ചു. സർക്കാരും ഗവർണറും ഒരു പോലെ കുറ്റക്കാരാണ്. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വരെ ചാൻസലർ ആക്കാൻ ബില്ലിലൂടെ സാധിക്കും. ഇഷ്ടക്കാരെ ചാൻസലറാക്കാൻ സർക്കാരിന് കഴിയും.അതേസമയം, ബിൽ പിൻവലിക്കണമെന്നും ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റുന്നത് സർക്കാരുമായുള്ള തർക്കത്തിന്റെ പേരിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ധനകാര്യ മെമ്മോറാണ്ടം ബില്ലിൽ വേണമായിരുന്നു. ബിൽ കോടതിയിൽ നിലനിൽക്കില്ല. കുറ്റങ്ങൾ തീർത്ത് വീണ്ടും അവതരിപ്പിക്കുന്നതാണ് സർക്കാരിന് നല്ലത്. എജിയെ സഭയിൽ വിളിച്ച് വരുത്തണമെന്നു പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷത്തിന്റെ തടസവാദങ്ങൾ ഭൂരിപക്ഷവും രാഷ്ട്രീയമാണെന്നാണ് മന്ത്രി പി രാജീവ് പ്രതികരിച്ചത്.

Continue Reading