Crime
ക്ലിഫ് ഹൗസിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവത്തിൽ എസ് ഐയ്ക്ക് സസ്‌പെൻഷൻ.

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് കഴിഞ്ഞ ദിവസം അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ എസ് ഐയ്ക്ക് സസ്‌പെൻഷൻ. ബറ്റാലിയൻ ഡി ഐ ജി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ ഹാഷിം റഹ്മാനെ സസ്‌പെൻഡ് ചെയ്തത്. ക്ലിഫ് ഹൗസ് ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നാണ് ഗാർഡ് റൂമിനുള്ളിൽ വച്ച് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ് ഐയാണ് ഹാഷിം.തോക്ക് വൃത്തിയാക്കുന്നതിനിടെ ഒരു വെടിയുണ്ട പിസ്റ്റളിൽ കുരുങ്ങിയെന്നും പുറത്തെടുക്കാൻ കഴിയാത്തതിനെ തുടർന്ന് തോക്ക് നിലത്ത് ചൂണ്ടി വെടി പൊട്ടിക്കുകയായിരുന്നുവെന്നാണ് സംഭവത്തിൽ ഔദ്യോഗിക വിശദീകരണം.