Connect with us

Crime

എല്‍ഡിഎഫ് ഭരണത്തില്‍ പോലീസുകാര്‍ക്കെതിരെ 828 കേസുകളെടുത്തു.എട്ടുപേരെ പിരിച്ചുവിട്ടെന്നു മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളില്‍പ്പെട്ട എട്ട് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തെ പോലീസ് ക്രിമിനല്‍വത്കരിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടിയത്.പോലീസ് സേനയില്‍ രാഷ്ട്രീയവത്കരണവും ക്രിമിനല്‍ വത്കരണവും അധികമാകുന്നുവെന്ന ആരോപണം ഇന്ന് കേരളത്തിന്റെ സ്ഥിതി അറിയുന്നവര്‍ക്ക് ഉന്നയിക്കാനാകില്ല. അടിസ്ഥാനരഹിതമായ ആരോപണമാണിത്. കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ടതാണെന്ന് രാജ്യമാകെ അംഗീകരിച്ചതാണ്. പൊതുശ്രദ്ധ പിടിച്ചുപറ്റിയ കേസുകളിലെല്ലാം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കേസുകള്‍ നമ്മുടെ സംസ്ഥാനത്ത് നല്ല രീതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. നിയമ-അവകാശബോധം സമൂഹത്തിലുള്ളതുകൊണ്ടാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അത് തെറ്റായി കാണേണ്ടതില്ല. പോലീസ് കാര്യക്ഷമമായി നടപടി സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണിത്.
828 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ട് എട്ടു പേര്‍ക്കെതിരെ മാത്രമേ നടപടിയുണ്ടായിട്ടുള്ളുവെന്നത് ഗൗരവതരമാണെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പലരും സസ്‌പെന്‍ഷനിലാണെന്നും അന്വേഷണങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

‘പോലീസ് സേനയില്‍ പലഘട്ടത്തിലും ഇത്തരത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടുണ്ട്. 2014 ഡിസംബര്‍ 15-ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരും കുറ്റവിമുക്തരായിട്ടള്ളതുമായ 976 പേര്‍ പോലീസില്‍ തുടുരുന്നുണ്ടെന്നാണ്. ഇത് വര്‍ധിച്ചിട്ടില്ല. ഇപ്പോള്‍ 828 പ്രതികളാണ് പോലീസിലുള്ളത്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചുപോരുന്നത്. പോലീസിനെ രാഷ്ട്രീയമായി ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, അതിനെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല’, മുഖ്യമന്ത്രി പറഞ്ഞു.

2016 മുതല്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ പോലീസിനെ ഒരു ജനസൗഹൃദ സേനയാക്കി മാറ്റാനുള്ള ഫലപ്രദമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. സ്റ്റുഡന്റ് പോലീസ്, ജനമൈത്രി പോലീസ് എന്നീ പദ്ധതികള്‍ വഴി പോലീസ് സേനയില്‍ സാമൂഹികപങ്കാളിത്തം ഉറപ്പാക്കാനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ആപത് സന്ധികളിലും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന സേവനമനോഭാവമുള്ള പോലീസ് സേനയാണ് നമ്മുടെ സംസ്ഥാനത്തിനുള്ളത്. ഇതിനുള്ള അംഗീകാരം ദേശീയതലത്തില്‍ ലഭിച്ചിട്ടുമുണ്ട്.സേനയുടെ ആധുനികവത്കരണത്തിലും കുറ്റാന്വേഷണ മികവിലും രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പോലീസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാതൃകാപരമായ നടപടികള്‍ പോലീസ് സേന സ്വീകരിച്ചുവരുന്നുണ്ട്. പോക്സോ കേസുകള്‍ സമയബന്ധിതമായി വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കാന്‍ 58 പുതിയ പ്രത്യേക കോടതികള്‍ രൂപീകരിച്ചിട്ടുണ്ട്.

Continue Reading