Crime
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് രാജ്നാഥ് സിംഗ് പാർലമെൻ്റിൽ ഇന്ന് പ്രസ്താവന നടത്തും

ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെൻ്റിൽ ഇന്ന് പ്രസ്താവന നടത്തും. ലോക്സഭയിൽ ഉച്ചയ്ക്ക് 12നും രാജ്യസഭയിൽ രണ്ട് മണിക്കും പ്രതിരോധമന്ത്രി സാഹചര്യം വിശദീകരിച്ച് സംസാരിക്കും. ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഇരു സഭകളിലും നോട്ടീസ് നൽകിയിരുന്നു. സംഭവം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ഉന്നതതല യോഗം ചേർന്നിരുന്നു.
വിദേശകാര്യ മന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, സംയുക്ത സേനാ മേധാവി എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. മൂന്ന് സേനാ തലവന്മാരും യോഗത്തിലുണ്ടായിരുന്നു. അരുണാചല്‍ പ്രദേശിലെ തവാങ് സെക്‌ടറില്‍ ഈമാസം 9നാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരും ഇന്ത്യന്‍ സൈനികരുമായി ഏറ്റുമുട്ടലുണ്ടായത്. അരുണാചലിലെ തവാംഗ് സെക്ടറില്‍ അതിര്‍ത്തി ലംഘിച്ച് കയറാന്‍ ശ്രമിച്ച 300ഓളം ചൈനീസ് പട്ടാളക്കാരെ ഇന്ത്യൻ സൈനികർ തുരത്തിയോടിക്കുകയായിരുന്നു.
ചൈനയുടെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. ആണികൾ തറച്ച മരക്കഷ്ണങ്ങളും ടേസർ തോക്കുകളും കൈയ്യിലേന്തിയാണ് ഇവർ ആക്രമണത്തിനെത്തിയത്. പരസ്പരമുള്ള ഉന്തിലും തള്ളിലും ഇരുവിഭാഗത്തിലെയും സൈനികര്‍ക്ക് പരിക്കേറ്റു.