KERALA
സ്വപ്‌ന ആറുതവണ എന്തിന് കണ്ടു എന്ന് മുഖ്യമന്ത്രി പറയണം: ചെന്നിത്തല

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ആറുതവണ എന്തിന് കണ്ടുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നയുടെ നിയമനം അറിഞ്ഞില്ലെന്ന് പറഞ്ഞ് വീണ്ടും വന്നിരിക്കുകയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് കീഴിലുള്ള സ്‌പെയിസ് പാര്‍ക്കില്‍ ഒരുലക്ഷത്തി എഴുപത്തിയയ്യായിരം രൂപ ശമ്പളം വാങ്ങുന്ന ഉന്നതമായൊരു സ്ഥാനത്തേക്ക് നിയമനം നടക്കുമ്പോള്‍ മുഖ്യമന്ത്രി അറിയില്ലേയെന്നും ചെന്നിത്തല ചോദിച്ചു. തിരുവനന്തപുരത്ത് സ്പീക്ക് അപ് കേരള സത്യാഗ്രഹം നാലാംഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസാണ്. എല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ്. അദ്ദേഹം വീണ്ടും കള്ളം പറയുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ആരോപണങ്ങളൊന്നും പ്രതിരോധിക്കാന്‍ കഴിയാത്തത് മൂലമാണ് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.