Connect with us

KERALA

ഇപി ജയരാജന് ആശ്വാസം, സാമ്പത്തിക ആരോപണത്തില്‍ തൽക്കാലം അന്വേഷണം ഇല്ല

Published

on


തിരുവനന്തപുരം:കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ തൽക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തെങ്കിലും തത്കാലം അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്കു കടക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എത്തിയത്.

കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ കണ്ണൂരില്‍ നിന്നു തന്നെയുള്ള മുതിര്‍ന്ന അംഗം പി ജയരാജനാണ് ഇപിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതു പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്ത് ഉചിത നടപടിയെടുക്കുമെന്നായിരുന്നു അനൗദ്യോഗികമായി കേന്ദ്ര നേതാക്കള്‍ പറഞ്ഞത്.

അതേസമയം ഇപിക്കെതിരായ ആരോപണം സംസ്ഥാന നേതൃത്വത്തിനു രേഖാമൂലം ലഭിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തത വന്നിട്ടില്ല. സംസ്ഥാന സമിതിയില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചത്. ആധികാരികമായാണ് ആരോപണം ഉന്നയിക്കുന്നതെന്നും എഴുതി നല്‍കാമെന്നും പി ജയരാജന്‍ അറിയിച്ചതായും റിപ്പോർട്ടുകള്‍ വന്നു. എന്നാല്‍ പി ജയരാജന്‍ ആരോപണം എഴുതി നല്‍കിയോ എന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പുറത്തുവന്ന ഇപി ജയരാജനില്‍നിന്നു മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും മറുപടിയുണ്ടായില്ല. ഹാപ്പി ന്യൂ ഇയര്‍ എന്നു മാത്രം പറഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നു. ആരോപണത്തെക്കുറിച്ച് ഇപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Continue Reading