Connect with us

KERALA

ഷാരൂഖ് ഖാനും മമ്മൂട്ടിക്കും ആസിഫ് അലിക്കും  ലീഗ് അംഗത്വം. അന്വേഷണത്തിനു നിര്‍ദേശം നല്‍കി നേതൃത്യം

Published

on

തിരുവനന്തപുരം: ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതല്‍ നടി മിയ ഖലീഫയ്ക്ക് വരെ നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍നിന്ന് മുസ്‌ലിം ലീഗ് അംഗത്വം. കേരളത്തില്‍ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്. വീടുകള്‍തോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനില്‍ പേരും ആധാര്‍ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ്‌ലോഡ് ചെയ്യണം. ഓരോ വാര്‍ഡിനും ഓരോ പാസ്‌വേഡും നല്‍കിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓര്‍ഡിനേറ്റര്‍ക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാന്‍ കഴിയൂ. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു നേതൃത്വം ഞെട്ടിയത്.
സാധാരണ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. ആള്‍ബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടര്‍ സെന്ററുകളെ എല്‍പിച്ചവരുണ്ടെന്ന് ഒരുവിഭാഗം ആക്ഷേപിക്കുന്നു. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്.
അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് 59551 ആണ് പാര്‍ട്ടി അംഗങ്ങള്‍. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണു കണക്ക്. 2016നെക്കാള്‍ 2.33 ലക്ഷം അംഗങ്ങളുടെ വര്‍ധന. അംഗങ്ങളില്‍ പകുതിയിലേറെ സ്ത്രീകള്‍.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍. സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിനു നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തു വട്ടിയൂര്‍ക്കാവ്, പാളയം തുടങ്ങിയ സ്ഥലങ്ങളിലും അംഗത്വവിതരണത്തില്‍ ക്രമക്കേടു നടന്നതായാണ് ഒരു വിഭാഗം പറയുന്നത്

Continue Reading