Connect with us

Crime

സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയിൽ നിന്ന്  നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Published

on

കൊല്ലം: കരുനാഗപ്പള്ളിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയത് സിപിഐഎം നേതാവിന്റെ പേരിലുള്ള ലോറിയില്‍. ആലപ്പുഴ നഗരസഭാ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ ഷാനവാസിന്റെ പേരിലുള്ള ലോറിയില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. അതേസമയം വാഹനം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയെന്നാണ് ഷാനവാസ് നല്‍കുന്ന വിശദീകരണം.
ഇന്നലെ പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ.എല്‍ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വാഹനയുടമയായ ഷാനവാസിന് കേസില്‍ പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.
അതേസമയം കേസില്‍ രണ്ട് ആലപ്പുഴ സ്വദേശികളുള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ് കരുനാഗപ്പള്ളി സ്വദേശിയായ ഷമീര്‍ എന്നിവരാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നുമാണ് പാന്‍മസാലകള്‍ എത്തിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Continue Reading