KERALA
മുസ്ലീം പേരിനോട് ഓക്കാനമോ. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായ് മുസ്ലീം ലീഗ് മുഖപത്രം

തിരുവന്തപുരം : ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മുസ്ലീം വിരുദ്ധ പ്രസ്ഥാവനെക്കെതിരെ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക രംഗത്ത് .ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ മുസ് ലിമിനെ വി.സിയായി നിയമിച്ചതിനെതിരായ വെള്ളപ്പള്ളിയുടെ നിലപട് സംഘ്പരിവാറിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതതന്നെയാണെന്ന് ചന്ദ്രിക ചൂണ്ടിക്കാട്ടുന്നു. ഇത് ഗുരുനിഷേധമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പത്രം മുസ്ലിം പേരിനോട് ഓക്കാനമോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലൂടെ നയം വ്യക്തമാക്കുകയാണ്.
ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടിയല്ല സര്‍വകലാശാല സ്ഥാപിച്ചത്. സാധാരണയായി ഒരുമഹാന്റെ നാമത്തില്‍ വിദ്യാഭ്യാസസ്ഥാപനമോ മറ്റോ സ്ഥാപിക്കുന്നത് അദ്ദേഹത്തിന്റെ മഹത്വം വരുംതലമുറയിലേക്കുകൂടി സന്നിവേശിപ്പിക്കുന്നതിനുവേണ്ടിയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
‘ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘ജാതി ചോദിക്കരുത്, പറയരുത് എന്നും ഉപദേശിച്ച നാരായണഗുരുവിന്റെ പേരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ സാരഥി ആക്ഷേപം ചൊരിഞ്ഞതെന്നതിനെ തികഞ്ഞ ഗുരുനിഷേധമെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ. വെള്ളാപ്പള്ളിയുടെ വാചാടോപം ബി.ജെ.പിയാതി സംഘ്പരിവാരത്തിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ് ലിം പ്രൊഫസര്‍ പഠിപ്പിക്കരുതെന്ന് വാദിച്ചവരുടെ വിഷ ഭാഷയാണിതിലെന്നും ചന്ദ്രിക മുഖപ്രസംഗത്തിലൂടെ പറയുന്നു.
കേരളത്തിലെ സര്‍വകലാശാലകളില്‍ മുസ്ലിം സമുദായത്തിന് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ നിലവില്‍ ഒരൊറ്റ മുസ് ലിമും വി.സിയായിരിക്കുന്നില്ല. മാത്രമല്ല, ആ സമുദായത്തില്‍നിന്നുള്ളത് ആകെ ഒരൊറ്റ പ്രോ-വൈസ്ചാന്‍സലറാണ്. ഇതൊരു വി.സിയുടെ മാത്രംപ്രശ്‌നമല്ല, പണ്ടുമുതല്‍ ചിലര്‍ കൊണ്ടുനടക്കുന്ന മുരത്ത വര്‍ഗീയതയുടെയും ഇസ്ലാം വിരുദ്ധതയുടെയും പ്രശ്‌നമാണെന്നും ചൂണ്ടിക്കാട്ടുന്നു.