KERALA
പോലീസിനെ ഭരണകൂടത്തിന്റെ ഉപകരണമാക്കുകയാണ് പിണറായി സര്‍ക്കാര്‍ .ഇപി ജയരാജന് എവിടെ നിന്ന് ഈ പണം കിട്ടി? കേന്ദ്ര ഏജന്‍സികള്‍ എവിടെ പോയി?

തിരുവനന്തപുരം: ഇപി ജയരാജനെതിരെ അവിഹിത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.. പ്രതിഷേധ പരിപാടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. 100 കോടി രൂപയുടെ നിക്ഷേപം ആ റിസോര്‍ട്ടിലുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. ക്വാറി, റിസോര്‍ട്ട് മാഫിയകളെല്ലാം നിക്ഷേപകരാണ്. പാര്‍ടിയില്‍ വന്ന ആരോപണം പറഞ്ഞ് തീര്‍ക്കേണ്ടതാണോയെന്ന് ചോദിച്ച വിഡി, പാര്‍ട്ടി തന്നെ വിജിലന്‍സും പോലീസുമായി ആരോപണം തീര്‍പ്പാക്കിയെന്ന് കുറ്റപ്പെടുത്തി. ഇപി എങ്ങനെ ഇനി എല്‍ഡിഎഫ് കണ്‍വീനറായി തുടരുമെന്നും അദ്ദേഹം ചോദിച്ചു.
കെഎം ഷാജിയുടെ വീടിന്റെ അളവ് പരിശോധിക്കാന്‍ വിജിലന്‍സ് മൂന്ന് തവണ പോയെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ ഭരണകൂടത്തിന്റെ ഉപകരണമാക്കുകയാണ് സംസ്ഥാനത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തില്‍ ചെയ്യുന്നത് പിണറായി വിജയന്‍ ഇവിടെ ചെയ്യുന്നു. സജി ചെറിയാന്‍ രാജിവെച്ചപ്പോഴുണ്ടായ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായിട്ടാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ തിരിച്ചെടുത്തതെന്നും വിഡി സതീശന്‍ ചോദിച്ചു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടി ജീര്‍ണിച്ചു. പട്ടിണി കിടക്കുന്നവന്‍ കളി കാണാന്‍ വരണ്ടെന്ന് മന്ത്രി പറയുന്ന നാടായി കേരളം മാറി. ആ മന്ത്രി എന്ത് കമ്മ്യൂണിസ്റ്റാണ്? ബംഗാളിലെ സിപിഎമ്മിനുണ്ടായ ഗതി കേരളത്തിലുണ്ടാവും. സമരത്തോട് പുച്ഛമാണ് ഇപ്പോള്‍ സിപിഎമ്മിന്. അഹങ്കാരവും ധാര്‍ഷ്ട്യവും ആണ് ഇവിടെ കാണുന്നത്. ഇപി ജയരാജന് എവിടെ നിന്ന് ഈ പണം കിട്ടി? കേന്ദ്ര ഏജന്‍സികള്‍ എവിടെ പോയി? ഇഡി എന്തുകൊണ്ട് ഇപിയെ തൊടുന്നില്ല? സിപിഎം ബിജെപി ധാരണയാണ് ഇവിടെയുള്ളത്. കോണ്‍ഗ്രസ് മുക്ത ഭാരത്തിനാണ് അവരുടെ ശ്രമം. കുടകര കേസ് അഡ്ജസ്റ്റ് ചെയ്ത് കൊടുത്തു, കശ്മീരി സ്വീറ്റില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി പോര് തീര്‍ന്നു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് എന്നത് പ്രഹസനമാണ്. യുഡിഎഫ് സമരവുമായി മുന്നോട്ട് പോകും. ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതി സ്മാരകമാണ് റിസോര്‍ട്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം ആര്‍ക്കും സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ ആവില്ലെന്ന് വിഡി സതീശന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ പറഞ്ഞു. അക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. അഭിപ്രായമുള്ളവര്‍ അത് പാര്‍ട്ടിയെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.