Crime
ഒരു മതവിഭാഗത്തെ ഭീകരര്‍ ആയി ചിത്രീകരിച്ചത് അന്വേഷിക്കുക തന്നെ വേണം. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയില്‍ അല്ല കേരള സര്‍ക്കാര്‍ നടത്തിയ പരിപാടിയാണ് ഇങ്ങിനെ സംഭവിച്ചത്

തിരുവനന്തപുരം :കലോത്സവ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ തന്നെയാണ് മറുപടി പറയേണ്ടതെന്ന് കെ. മുരളീധരന്‍ എം.പി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടി ആര് അന്വേഷിക്കണമെന്നാണ് പറയുന്നത്. ഇത് പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ അന്വേഷിക്കണം എന്നാണോ പറയുന്നതെന്നും കെ. മുരളീധരന്‍ ചോദിച്ചു. ഒരു മതവിഭാഗത്തെ ഭീകരര്‍ ആയി ചിത്രീകരിച്ചത് അന്വേഷിക്കുക തന്നെ വേണം. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയില്‍ അല്ല ഈ സംഭവമുണ്ടായത്. കേരള സര്‍ക്കാര്‍ നടത്തിയ പരിപാടിയാണ് കലോത്സവം. അപ്പോള്‍ അതിന്റെ ഉത്തരവാദിത്വവും സര്‍ക്കാരിന് തന്നെയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
കാശില്ലാത്തവന്‍ കളിയും കാണേണ്ട, ദ്വീപില്‍ ഉള്ളവന്‍ നഗരവും കാണേണ്ട എന്ന തരത്തിലാണ് കായിക മന്ത്രിയുടെ അഭിപ്രായ പ്രകടനം. സംഘി ഭരിക്കുന്ന സംസ്ഥാനത്ത് അല്ല, കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന സംസ്ഥാനത്ത് ആണ് ഈ അവസ്ഥയെന്ന് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്‌കാരം ഒരുക്കിയ സംഘടന രംഗത്തെത്തി. പരിപാടിയില്‍ ഒരു രാഷ്ട്രീയവും ഇല്ലായിരുന്നെന്ന് ഗാനം ചിട്ടപ്പെടുത്തിയ പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടര്‍ കനകദാസ് പറഞ്ഞു. ഒരു രാഷ്ട്രീയവും പരിപാടിയില്‍ ഇല്ലായിരുന്നു, 96 കലാകാരന്മാരില്‍ പല രാഷ്ട്രീയപ്പാര്‍ട്ടിയിലും പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍പും സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് .ഇപ്പോഴുണ്ടായ വിവാദം ഖേദകരമെന്നും പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടര്‍ കനകദാസ് പറഞ്ഞു.
അതിനിടെ സ്വാഗതഗാനത്തിലെ വിവാദ ചിത്രീകരണത്തില്‍ നടപടി വേണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദൃശ്യാവിഷ്‌കാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സിപിഐഎം പ്രസ്താവിച്ചു. സംഭവം വിശദമായി പരിശോധിച്ച് നടപടിയെടുക്കണമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.