NATIONAL
ആവശ്യമായ ഫണ്ട് കേന്ദ്രം നൽകുന്നില്ലെന്ന കേരളത്തിന്‍റെ പരാതി വാസ്തവ വിരുദ്ധമെന്ന് പ്രകാശ് ജാവ്ദേക്കർ
കോഴിക്കോട്: സംസ്ഥാനത്തിന് ആവശ്യമായ ഫണ്ട് കേന്ദ്രം നൽകുന്നില്ലെന്ന കേരളത്തിന്‍റെ പരാതി വാസ്തവ വിരുദ്ധമെന്ന് മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ. കണക്കുകൾ നിരത്തിയാണ് ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ രംഗത്തെത്തിയത്. കേരളത്തിലെ ജനങ്ങളോട് മോദി സർക്കാർ നീതി പുലർത്തുന്നുണ്ടെന്നും മുൻപുണ്ടായിരുന്ന സർക്കാർ നൽകിയതിനേക്കാൾ മികച്ച സഹായമാണ് കേന്ദ്രം കേരളത്തിന് നൽകുന്നതെന്നും അദേഹം പറഞ്ഞു.
മുൻ യു പി എ സർക്കാർ 32 ശതമാനമായിരുന്നു സഹായം നൽകിയതെങ്കിൽ ഇപ്പോഴത്തെ മോദി സർക്കാർ 42 ശതമാനം സഹായമാണ് നൽകുന്നതെന്നും അദേഹം വ്യക്തമാക്കി. ഇത്രയേറെ സഹായം നൽകിയിട്ടും മോദി സർക്കാറിനെതിരെ അനാവശ്യ വിവാദങ്ങൾ ഉയർത്തുകയാണ് സംസ്ഥാന സർക്കാർ.പെട്രോൾ വില കുറക്കാൻ മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ സഹായം നൽകുമ്പോൾ ഏറ്റവും കുറവ് തുക നൽകുന്നത് കേരളമാണ്. അതുകൊണ്ടാണ് കേരളത്തിൽ പെട്രൊൾ വില വർധിക്കാൻ കാരണമെന്നും അദേഹം പറഞ്ഞു.ഇതിനെല്ലാം വ്യക്തമായ കണക്കുകൾ ഉണ്ടെന്നും തെറ്റാണെങ്കിൽ തെളിയിക്കാൻ കേരളത്തിലെ മന്ത്രിമാരെ വെല്ലുവിളിക്കുന്നു.മോദിയെ കുറ്റപ്പെടുത്തി സ്വന്തം കഴിവ് കേട് മറക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
