Connect with us

Crime

ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി

Published

on

.

കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി ജുനൈസ് വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നാണ് 500 കിലോ ചീഞ്ഞളിഞ്ഞ ഇറച്ചി പിടിച്ചെടുത്തിരിക്കുന്നത്.

നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഷവർമ ഉണ്ടാക്കുന്നതിനായി  സൂക്ഷിച്ചിരുന്ന ഇറച്ചിയാണ്. എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ ദുർഗന്ധംവമിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ വ്യാപകമായി പരിശോധന നടക്കുന്നതിനിടയിലും വിവിധയിടങ്ങളില്‍ പഴകിയ ഇറച്ചി വിതരണം നടക്കുന്നുണ്ടെന്നാണ് വിവരം.

പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കുമെന്നും സ്ഥാപനത്തിൻ്റെ നടത്തിപ്പുകാർക്ക് കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ആറ് മാസമായി ഈ സ്ഥാപനത്തിൽ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെയും ഇവിടെ നിന്നും കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് ഇറച്ചി കൊണ്ടു പോയിരുന്നുവെന്ന് ജീവനക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

Continue Reading