Crime
ലഹരിമാഫിയയെക്കുറിച്ച് രഹസ്യവിവരം നല്‍കിയ പെണ്‍കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി മര്‍ദിച്ചു

തിരുവനന്തപുരം: ലഹരിമാഫിയയെക്കുറിച്ച് രഹസ്യവിവരം നല്‍കിയ പെണ്‍കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി മര്‍ദിച്ചതായി പരാതി. വെഞ്ഞാറമൂട്ടിലെ പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്കും അമ്മയ്ക്കും നേരേയാണ് ലഹരിമാഫിയയുടെ ആക്രമണമുണ്ടായത്. ഇനിയും ആക്രമണമുണ്ടാകുമെന്ന ഭയം കാരണം പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.
സ്‌കൂളില്‍ എക്‌സൈസ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന് പിന്നാലെയാണ് വീടിന് സമീപത്ത് ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് പെണ്‍കുട്ടി പോലീസില്‍ രഹസ്യവിവരം നല്‍കിയത്. തുടര്‍ന്ന് പോലീസും എക്‌സൈസും സ്ഥലത്ത് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ രഹസ്യവിവരം നല്‍കിയത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ലഹരിമാഫിയസംഘം കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി മര്‍ദിച്ചെന്നാണ് പരാതി.
മുരുകന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്. കമ്പ് കൊണ്ടുള്ള മര്‍ദനമേറ്റ് പെണ്‍കുട്ടിയുടെ ചെവിയ്ക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരിക്കേറ്റിരുന്നു. അമ്മയ്ക്ക് കൈക്ക് അടക്കം പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ ആക്രമിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. വേണമെങ്കില്‍ ആക്രമണത്തിനിടെ മാല നഷ്ടപ്പെട്ടതിന് കേസെടുക്കാമെന്നാണ് ഒരു പോലീസുകാരന്‍ പറഞ്ഞതെന്നും തങ്ങള്‍ നല്‍കിയ മൊഴിയല്ല പോലീസ് രേഖപ്പെടുത്തിയതെന്നും കുടുംബം ആരോപിക്കുന്നു.