Crime
കൗണ്‍സിലര്‍ ഷാനവാസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ സംഘർഷം.പൊലീസ് പ്രതിപക്ഷ അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്ത് കടത്തി

ആലപ്പുഴ: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ പ്രതിപക്ഷ സംഘർഷം. നഗരസഭ അധ്യക്ഷയെ ഡയസിന് ചുറ്റും ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് അവിടെ നിന്നും മാറ്റുകയായിരുന്നു. ഷാനവാസിനെതിരായ ആരോപണം തെളിയുന്നതുവരെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നാണ് ഭരണപക്ഷത്തിന്‍റെ തീരുമാനം.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് എ ഷാനവാസിനോട് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. യോഗം ആരംഭിച്ചയുടന്‍ ഷാനവാസിനെതിരെ നടപടിയെടുക്കാതെ കൗണ്‍സില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബാനറുമായി ആദ്യം അധ്യക്ഷ സൗമ്യ രാജിന്‍റെ ഡയസിലേക്ക് പ്രതിക്ഷേധവുമായി പ്രതിപക്ഷം അടുത്തതോടെ നഗരസഭ യുദ്ധക്കളമായി. അതിനിടെ അജണ്ടകളെല്ലാം പാസായായി പ്രഖ്യാപിച്ച് അധ്യക്ഷ യോഗം പിരിച്ചുവിട്ടെങ്കിലും പ്രതിപക്ഷം സമരം നിര്‍ത്തുകയോ അധ്യക്ഷയെ പുറത്ത് പോകാന്‍ അനുവദിക്കുകയോ ചെയ്തില്ല.
പിന്നീട് പൊലീസ് പ്രതിപക്ഷ അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്ത് കടത്തുകയായിരുന്നു. എന്നാൽ അതിനുശേഷവും പ്രതിപക്ഷം ഗരസഭാ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നും പ്രതിക്ഷേധം തുടർന്നു. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഷാനവാസിനെതിരെ നടപടി സ്വീകരിക്കാതെ ഇനി കൗണ്‍സില്‍ ചേരാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്