Connect with us

Crime

പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്‍റെ സ്വത്ത് വകകൾ കണ്ടുകെട്ടി

Published

on

കൊല്ലം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ നാശനഷ്ടം ഈടാക്കുന്നതിന്‍റെ ഭാഗമായി പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്‍റെ സ്വത്ത് വകകൾ കണ്ടുകെട്ടി. ലാന്‍റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തഹസിൽദാർ ഷിബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുൾ സത്താറിന്‍റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുവകകളും കണ്ടുകെട്ടിയത്.

ഹർത്താലുമായി ബന്ധപ്പെട്ട് അതിക്രമം കാണിച്ച പ്രതികളുടെയും പിഎഫ്ഐ നേതാക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരം ജപ്തി ചെയ്ത് ലേലത്തിൽ വിൽക്കാനാണ് തീരുമാനം. നാളെ 5 മണിക്ക് മുമ്പായി സ്വത്തുവകകൾ കണ്ടുകെട്ടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ലാന്‍റ് റവന്യൂ കമ്മീഷണർ ഉത്തരവിട്ടിരുന്നു.

അതേസമയം ജപ്തി നടപടികൾ വൈകുന്നതിൽ സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കി ഈ മാസം 23നകം റിപ്പോർട്ട് നൽകണമെന്നും, ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചിരുന്നു.ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ജപ്തി നടപടികൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയത്. ജനുവരി 15നു മുൻപ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ജപ്തി നടപടി ക്രമങ്ങൾ ഇനിയും പൂർത്തികരിക്കാൻ സാധിക്കാത്തതിനാൽ ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

Continue Reading