Crime
ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകട മരണങ്ങളായിരുന്നെന്ന വിവാദ പ്രസ്താവനയുമായ് ഉത്തരാഖണ്ഡ് കൃഷി മന്ത്രി

ദെഹ്‌റാദൂണ്‍: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകട മരണങ്ങളായിരുന്നെന്ന വിവാദ പ്രസ്താവനയുമായ്
ഉത്തരാഖണ്ഡ് കൃഷി മന്ത്രിയും ബി.ജെ.പി. നേതാവുമായ ഗണേഷ് ജോഷി. അപകടമരണവും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഗണേഷ് ജോഷി കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു ജോഷി.
‘രാഹുല്‍ ഗാന്ധിയുടെ വിവേകത്തില്‍ എനിക്ക് സഹതാപം തോന്നുന്നു. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനിടെ ഭഗത് സിങ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ രക്തസാക്ഷിത്വം വരിച്ചു. ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ട്.’- ജോഷി പറഞ്ഞു.
ഭാരത് ജോഡോ യാത്ര സമാധാനപരമായി അവസാനിച്ചതിന്റെ അംഗീകാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, സാധാരണനിലയിലേക്ക് കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാകയുയര്‍ത്താന്‍ കഴിയുമായിരുന്നില്ല. മോദിയുടെ നേതൃത്വത്തിലാണ് 370-ാം വകുപ്പ് എടുത്ത് കളഞ്ഞത്.ഒരാള്‍ക്ക് അയാളുടെ ബുദ്ധിക്ക് അനുസരിച്ചേ സംസാരിക്കാന്‍ കഴിയൂവെന്നും മന്ത്രി രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു പറഞ്ഞു.
അക്രമത്തിന്റെ വേദന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മനസ്സിലാവില്ലെന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ രാഹുല്‍ പ്രസംഗിച്ചത്. ‘ഞാനീ പറയുന്നത് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ഡോവലിനുപോലും മനസ്സിലാവില്ല. പക്ഷേ, കശ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും മനസ്സിലാവും. അക്രമം നടത്തുന്ന ആര്‍.എസ്.എസുകാര്‍ക്കും അക്രമത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കും അതു മനസ്സിലാവില്ലെന്നാണ് എനിക്ക് മോദിയോടും അമിത് ഷായോടും ഡോവലിനോടും പറയാനുള്ളത്’, രാഹുല്‍ പറഞ്ഞു. മുത്തശ്ശി ഇന്ദിരാഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സംഭവം തന്നെ അറിയിച്ചത് ഓര്‍ത്തെടുത്തുകൊണ്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം.