Connect with us

Crime

കൊല്ലം കലക്ട്രേറ്റില്‍ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസില്‍ അമ്മയെയും മകനെയും അറസ്റ്റ് ചെയ്തു

Published

on

കൊല്ലം: കൊല്ലം കലക്ട്രേറ്റില്‍ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകളും പൊലീസ് കണ്ടെടുത്തു
എട്ടു കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഐസ്‌ഐസിന്റെ പേരില്‍ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജന്‍. അന്ന് പള്ളി വികാരിയോടുള്ള വിരോധമാണ് പ്രതി കത്തെഴുതാന്‍ കാരണം. ജെ പി എന്ന ചുരുക്ക നാമത്തിലായിരുന്നു ഇയാള്‍ ഭീഷണികത്തുകള്‍ അയച്ചിരുന്നത്. ഫെബ്രുവരി മൂന്നിന് കൊല്ലം കളക്ട്രേറ്റില്‍ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് കത്തെഴുതിയതും ഷാജന്‍ തന്നെയെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ വീട്ടില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും അന്വേഷണ സംഘം കണ്ടെത്തി. ഒപ്പം നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ തയ്യാറാക്കി വച്ചിരുന്നു. ഷാജന്റെ അമ്മയ്ക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നും ഇവര്‍ക്കും ഭീഷണിക്കത്ത് അയച്ചതില്‍ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
കൊച്ചുത്രേസ്യയുടെ മൊബൈല്‍ ഫോണില്‍ നിന്നും കളക്ട്രേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു. 2016 ജൂണ്‍ 15ന് കലക്ട്രേറ്റില്‍ സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതേ കൈയക്ഷരത്തില്‍ 2019 മുതല്‍ പലതവണ അശ്ലീല സന്ദേശമടങ്ങിയ കത്തുകള്‍ കളക്ടറേറ്റിലേക്ക് വന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി.

Continue Reading