Connect with us

Crime

പാർലമെന്റിൽ വിമർശനം ഉയർന്നതിന് പിന്നാലെ അദാനിയുടെ കമ്പനിയിൽ റെയ്‌ഡ്

Published

on

ഷിംല: വിവാദങ്ങൾ നേരിടുന്നതിനിടെ ഗൗതം അദാനിയുടെ ഹിമാചൽ പ്രദേശിലെ സ്ഥാപനത്തിൽ റെയ്‌ഡ്. സോളൻ ജില്ലയിലെ പർവാനോയിലുള്ള അദാനി വിൽമർ കമ്പനിയുടെ സി ആന്റ് എഫ് യൂണിറ്റിൽ ഇന്നലെ രാത്രി വൈകിയാണ് ഹിമാചൽ പ്രദേശിലെ എക്‌സൈസ് വകുപ്പ് റെയ്‌ഡ് നടത്തിയത്. ഈ സ്ഥാപനം ജി എസ് ടി തിരിച്ചടവിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. കമ്പനിയിലെ രേഖകളും മറ്റും റെയ്‌ഡിനിടെ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതുംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയതിനുശേഷം തുടർനടപടികൾ ആലോചിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അദാനി ഗ്രൂപ്പുമായി ബി ജെ പിയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പാർലമെന്റിൽ ആരോപണം ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് റെയ്‌ഡ്. അദാനി ഗ്രൂപ്പിന്റെ ഓഹരിത്തട്ടിപ്പ് പാർലമെന്റിൽ ചർച്ചയ്ക്കെടുക്കാത്തതിൽ വിമർശനം ഉന്നയിക്കുന്നതിനിടെയായിരുന്നു രാഹുൽഗാന്ധിയുടെ ആരോപണം. ഭയം കൊണ്ടാണ് കേന്ദ്രസർക്കാർ വിഷയം പാർലമെന്റിൽ ഉന്നയിക്കാത്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദാനി വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യം നിരന്തരമായി തള്ളുന്നതിൽ പ്രതിഷേധമുയരുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാജ്യസഭയിൽ മോദി – അദാനി വിഷയം ഉയർത്തി കാട്ടിയിരുന്നു.

Continue Reading