Connect with us

KERALA

ശബരിമല നട ഇന്ന് തുറക്കും . നാളെ മുതല്‍ ദര്‍ശനം. ഭക്തന്‍മാര്‍ ദര്‍ശനത്തിന് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Published

on

പത്തനംതിട്ട :കോവിഡ് മഹാമാരിയുടെ നീണ്ട ഇടവേളയ്ക്കുശേഷം ശബരിമല സന്നിധാനത്ത് നാളെ ഭക്ത ജനങ്ങളെത്തും. തുലാമാസപൂജകള്‍ക്കായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ശബരിമല നട തുറക്കും. ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തര്‍ക്ക് ദര്‍ശനം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിയന്ത്രണങ്ങളിലായിരുന്ന ശബരിമലയില്‍ അതിനുശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെര്‍ച്ച്വല്‍ക്യൂവഴി ബുക്കുചെയ്ത 250 പേര്‍ക്ക് വീതമാണ് ദിവസേന ദര്‍ശനാനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യപ്പനെ തൊഴാമെന്നാണ് നിബന്ധന.

പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും ഉണ്ട്. ശനിയാഴ്ച രാവിലെ എട്ടിന് അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടക്കും.

ഇന്ന് ശബരിമലനട തുറക്കുന്നതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി കഴിഞ്ഞു.

മലകയറുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. മറ്റുള്ള സമയത്ത് മാസ്‌ക്ക് നിര്‍ബന്ധമാണ്. ദര്‍ശനം സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. ഒരു പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിച്ചു. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം. 10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോള്‍ അനുവദിച്ച സമയത്തുതന്നെ ഭക്തര്‍ എത്തണം.ഭക്തര്‍ കൂട്ടംചേര്‍ന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

പന്തളം, പത്തനംതിട്ട ഡിപ്പോകളില്‍നിന്ന് സാധാരണ പമ്പ സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തും.

30-ല്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയാല്‍മാത്രം അധിക ബസ് ഏര്‍പ്പെടുത്തും.നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് ഇല്ല. തീര്‍ഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടും.പമ്പയില്‍ തീര്‍ഥാടകരെ ഇറക്കിയശേഷം വാഹനങ്ങള്‍ തിരികെ നിലയ്ക്കലില്‍ എത്തി പാര്‍ക്കുചെയ്യണം.

നിലയ്ക്കലില്‍ കോവിഡ് പരിശോധന നടത്തിയ ശേഷമേ കടത്തി വിടുകയുള്ളൂ.48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ സ്വന്തം ചെലവില്‍ ആന്റിജന്‍ പരിശോധന

പോസിറ്റീവ് ആകുന്നവരെ മല കയറ്റില്ല. പമ്പാ സ്‌നാനം ഇല്ല ,കുളിക്കാന്‍ ഷവര്‍ സജ്ജമാക്കിയിട്ടുണ്ട്.മാളികപ്പുറങ്ങള്‍ക്ക് പ്രത്യേക കുളിമുറി. 150 ശൗചാലയങ്ങള്‍ ഒരുക്കി.

ത്രിവേണിപ്പാലം കടന്ന് സര്‍വീസ് റോഡുവഴി യാത്ര. ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കല്‍ ഉണ്ടാകില്ല.
വെര്‍ച്ച്വല്‍ക്യൂ ബുക്കിങ് രേഖകള്‍ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറില്‍ പരിശോധിക്കും. കാനന പാതയില്‍ ഇടയ്ക്കിടയ്ക്ക് ചുക്കുവെള്ള വിതരണം നടത്തും.യാത്ര സ്വാമിഅയ്യപ്പന്‍ റോഡുവഴി മാത്രം.

പതിനെട്ടാംപടിക്ക് താഴെ കൈ കാലുകള്‍ സാനിറ്റൈസ് ചെയ്യാം.പതിനെട്ടാംപടിയില്‍ പോലീസ് സേവനത്തിന് ഉണ്ടാകില്ല. കൊടിമരച്ചുവട്ടില്‍നിന്ന് ഫ്‌ലൈഓവര്‍ ഒഴിവാക്കി ദര്‍ശനത്തിന് കടത്തിവിടും. ശ്രീകോവിലിന് പിന്നില്‍ നെയ്‌ത്തേങ്ങാ സ്വീകരിക്കാന്‍ കൗണ്ടര്‍. സന്നിധാനത്ത് മറ്റ് പ്രസാദങ്ങള്‍ ഒന്നുമില്ല

മാളികപ്പുറത്തെ വഴിപാട് സാധനങ്ങള്‍ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം.മാളികപ്പുറം ദര്‍ശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോള്‍ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും.അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറില്‍ ലഭ്യമാക്കും.സന്നിധാനത്ത് തങ്ങാന്‍ അനുവാദമില്ല.തന്ത്രി, മേല്‍ശാന്തി, മറ്റ് പൂജാരിമാര്‍ എന്നിവരെ കാണാന്‍ അനുവാദമില്ല
ഭസ്മക്കുളത്തില്‍ കുളിക്കാന്‍ അനുവദിക്കില്ല. നെയ്‌ത്തേങ്ങ ഉടയ്ക്കാന്‍ അനുവാദമില്ല. പമ്പയിലും സന്നിധാനത്തും പരിമിതമായ രീതിയില്‍ അന്നദാനം ഒരുക്കിയിട്ടുണ്ട്.

Continue Reading