KERALA
ജോസ് കെ.മാണി കാനവുമായും കോടിയേരിയുമായും കൂടി കാഴ്ച നടത്തി

തിരുവനന്തപുരം: ഇടുതുമുന്നണി പ്രവേശത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്.
കാലത്ത് സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തി പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടതിനു ശേഷമാണ് എകെജി സെന്ററിലെത്തിയത്. എംഎൻ സ്മാരകത്തിൽനിന്നും എകെജി സെന്റർ അനുവദിച്ച വാഹനത്തിലാണ് സി.പി.എം നേതാക്കളെ കാണാനെത്തിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. വലിയ കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ല. വന്നു, കണ്ടു, അത്ര തന്നെ. ഭാവി കാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.ജോസിനൊപ്പം റോഷി അഗസ്റ്റിൻ എംഎൽഎയും ഉണ്ടായിരുന്നു.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനേയും കാണാൻ ജോസ് തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനാൽ മുഖ്യമന്ത്രി ഏതാനും ദിവസം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. അതിനാലാണ് കൂടിക്കാഴ്ച ഒഴിവാക്കിയത്.