Crime
പടക്കം പൊട്ടിച്ച് എടിഎം തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമം

പാലക്കാട് : പടക്കം പൊട്ടിച്ച് എടിഎം തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മണ്ണാര്‍ക്കാട് എടിഎം തകര്‍ക്കാനാണ് ശ്രമം നത്തിയത്. പാലക്കാട്ടെസൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് മോഷ്ടിക്കാനായിരുന്നു ശ്രമം നടത്തിയിരുന്നത്. എന്നാല്‍ അലാറമടിച്ചതിനാല്‍ മോഷണ ശ്രമം പരാജയപ്പെട്ടു.
മോഷണ ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീല ഷര്‍ട്ടും കറുത്ത പാന്റ്സും മാസ്‌കുമണിഞ്ഞാണ് മോഷ്ടാവ് എടിഎമ്മിനകത്തെത്തിയത്. തുടര്‍ന്ന് എടിഎമ്മിന്റെ വശങ്ങളിലായി പടക്കംവെച്ച് തീ കത്തിച്ച ശേഷം പുറത്തേക്കോടി. എടിഎം പടക്കം വെച്ച് തകര്‍ത്ത് പണം കവരാനായിരുന്നു പദ്ധതി. എന്നാല്‍ പടക്കം പൊട്ടിയതോടൊപ്പംതന്നെ എടിഎമ്മിലെ അലാറവും ഉച്ചത്തില്‍ മുഴങ്ങുകയായിരുന്നു. തുടർന്ന് ഭയന്ന മോഷ്ടാവ് അവിടെനിന്ന് കടന്നുകളയുകയായിരുന്നു.
അലാറമടിച്ചതോടെ ബാങ്ക് മാനേജരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണിലേക്കും മോഷണശ്രമം നടക്കുന്നതായുള്ള സന്ദേശമെത്തി. ഉടന്‍തന്നെ മണ്ണാര്‍ക്കാട് പോലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ പോലീസെത്തുംമുന്നേതന്നെ മോഷ്ടാവ് അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.