Crime
ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി.

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി. അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ നാലു ദിവസംകൂടി കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി ആവശ്യപ്പെടുകയായിരുന്നു. കസ്റ്റഡിയിൽ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും നാലുദിവസത്തിനകം ചോദ്യംചെയ്യൽ പൂർത്തിയാവുമെന്നും ഇ ഡി കോടതിയെ അറിയിച്ചു. കോഴയിടപാടിൽ ശിവശങ്കറിന്റെ ഇടപെടലിന് കൂടുതൽ വ്യാപ്തിയുണ്ടെന്നും ഇ ഡി പറഞ്ഞു. തുടർന്നാണ് നാലുദിവസത്തേക്കുകൂടി കസ്റ്റഡി അനുവദിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ പരാതി ഇല്ലെന്ന് ശിവശങ്കറും കോടതിയെ അറിയിച്ചു.
ചോദ്യംചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ഇ ഡി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കോഴപ്പണം കണ്ടെത്തിയ ലോക്കർ തുറന്ന ചാർട്ടേഡ് അക്കൗണ്ടന്റ്, ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി.ജോസ് എന്നിവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിൽ പല നിർണായക വിവരങ്ങളും ഇ ഡിക്ക് ലഭിച്ചതായാണ് വിവരം. ശിവശങ്കറിന്റെയും സ്വപ്നയുടെയും വാട്സാപ്പ് ചാറ്റുകളിൽ വ്യക്തതതേടി മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും വിളിച്ചുവരുത്തും. ചാറ്റുകളിൽ രവീന്ദ്രനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉള്ളതിനാലാണ് ഇത്.