KERALA
ഇ പി ജയരാജന്‍ വീട്ടിൽ വന്നത്. താന്‍ ക്ഷണിച്ചിട്ടല്ലെന്നു ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി :എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്‍ തന്റെ വീട്ടിലെത്തിയതിനെ കുറിച്ച് പ്രതികരണവുമായി ദല്ലാള്‍ നന്ദകുമാര്‍. കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ചിരുന്ന എം വി മുരളീധരന്റെ ക്ഷണപ്രകാരമാണ് ഇ.പി വീട്ടിലെത്തിയത്. മുരളീധരന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സിപിഐഎമ്മിനൊപ്പം ചേര്‍ന്നയാളാണ്. അദ്ദേഹം ക്ഷണിച്ചിട്ടാണ് ഇ പി ജയരാജന്‍ വന്നത്. താന്‍ ക്ഷണിച്ചിട്ടല്ലെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.
‘കെ വി തോമസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അമ്മയെ യാദൃശ്ചികമായി കണ്ടപ്പോള്‍ ഷാള്‍ അണിയിച്ചതാണ്. അതിലൊന്നും ഒരു വിവാദത്തിന്റെ ആവശ്യമില്ല. ഇവിടെ ഉത്സവത്തിന്റെ ഭാഗമായി രാഷ്ട്രീയവും മതവുമൊന്നും നോക്കാതെ എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കുന്നുണ്ട്. നാലായിരം പേരോളം ഇവിടെ നിന്ന് കഴിക്കുന്നുമുണ്ട്.
പാര്‍ട്ടിയിലെ ജാഥയില്‍ പങ്കെടുക്കാത്തതിന്റെ കാര്യങ്ങള്‍ തനിക്കറിയില്ല. അത് പാര്‍ട്ടി കാര്യമാണ്. എം വി മുരളീധരനോട് ചോദിച്ചാല്‍ മതി. അദ്ദേഹം ക്ഷണിച്ചതുപ്രകാരം എത്തിയതാണ് ഇ.പി. ഇവിടെ സെലിബ്രിറ്റികളടക്കം എത്രയോ പേര് വന്നുപോയി. അമ്മയെ പൊന്നാട അണിയിച്ചത് യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോഴാണെന്നും ദല്ലാള്‍ നന്ദകുമാര്‍ പ്രതികരിച്ചു.
സിപിഐഎം ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയത്. കൊച്ചി വെണ്ണലയിലെ വീട്ടിലെത്തിയ ഇ.പി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു. ഇ പി ജയരാജനൊപ്പം പ്രൊഫ.കെ വി തോമസും ചടങ്ങിലെത്തി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികളുള്ളതിനാലാണ് സിപിഐഎമ്മിന്റെ ജനകീയ ജാഥയില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ഇ പി യുടെ വിശദീകരണം.