Crime
സ്വപ്നയും ശിവശങ്കറുമായുള്ള നിർണായക വാട്സാപ്പ് ചാറ്റ് പുറത്ത് സ്വപ്നയുടെ ജോലി നഷ്ടപ്പെടാൻ കാരണം യൂസഫലി; മറ്റൊരു ജോലിയ്ക്കായി മുഖ്യമന്ത്രിയെ കണ്ടു,

കൊച്ചി: സ്വപ്നാ സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയതിന്റെ വാട്സാപ്പ് ചാറ്റ് പുറത്ത്. ജോലിയ്ക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും ചാറ്റിൽ പറയുന്നുണ്ട്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ട വിവരം സി എം രവീന്ദ്രനെ അറിയിച്ചെന്നും നിയമനത്തിന് നോർക്ക സിഇഒ ഉൾപ്പെടെയുള്ളവർ സമ്മതിച്ചതായും സ്വപ്നയോട് ശിവശങ്കർ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം നിയമസഭയിലും വാട്സാപ്പ് ചാറ്റുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയും മാത്യൂ കുഴൽനാടനും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു. താൻ സ്വപ്നയെ കണ്ടിട്ടില്ല, ഇക്കാര്യത്തിൽ ഒന്നുമറിയില്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.കോൺസുലേറ്റിലെ ചില പ്രശ്നങ്ങൾ കാരണം സ്വപ്നാ സുരേഷിന് ഹൈദരാബാദിലേയ്ക്ക് സ്ഥലം മാറേണ്ടിവന്നു. തുടർന്ന് അവിടെ നിന്ന് രാജി വയ്ക്കാൻ അവർ നിർബന്ധിതയാകുന്നു. പിന്നീട് മറ്റൊരു ജോലി വേണമെന്ന ആവശ്യം ഇവർ ശിവശങ്കറിനോട് പറയുന്നു. നോർക്കയുടെ കീഴിൽ ഒരു നിക്ഷേപ കമ്പനി തുടങ്ങാൻ തീരുമാനമായിട്ടുണ്ടെന്നും. നോർക്ക അധികൃതരുമായി സി എം രവീന്ദ്രൻ സ്വപ്നയുടെ ജോലിക്കാര്യം സംസാരിച്ചിട്ടുണ്ടെന്നുമാണ് ഇതിന് മറുപടിയായി ശിവശങ്കർ ചാറ്റിൽ പറയുന്നത്. കോൺസുലേറ്റിലെ സ്വപ്നയുടെ ജോലി നഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ സി എം രവീന്ദ്രൻ ഞെട്ടിപ്പോയി എന്ന് ശിവശങ്കർ പറയുന്നതും ചാറ്റിൽ വ്യക്തമാണ്.കൂടാതെ സ്വപ്നയ്ക്ക് ജോലി നഷ്ടപ്പെടാൻ കാരണം യൂസഫലി ആണെന്ന് ശിവശങ്കർ രവീന്ദ്രനോട് പറയുന്നു. അങ്ങനെയെങ്കിൽ നോർക്കയിലെ ജോലിക്കാര്യം വരുമ്പോഴും ഇയാൾ എതിർക്കില്ലേ എന്ന് രവീന്ദ്രൻ ചോദിച്ചതായും ശിവശങ്കർ സ്വപ്നയോട് പറയുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ല എന്നും ശിവശങ്കറിന്റെ ചാറ്റിലുണ്ട്.