Connect with us

Crime

സിഎം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ്

Published

on

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം ഏഴിന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാവാനാണ് നോട്ടീസ്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാവാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രവീന്ദ്രന്‍ വന്നിരുന്നില്ല.

നിയമസഭ നടക്കുന്നതിന്റെ തിരക്കുള്ളതിനാല്‍ ഹാജരാവാനാവില്ലെന്നാണ് രവീന്ദ്രന്‍ ഇഡിയെ അറിയിച്ചത്. എന്നാല്‍ ഇത് അന്വേഷത്തെ ഒഴിവാക്കുന്നതിനുള്ള ശ്രമമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. ഏഴിനും ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഇ ഡിക്ക് അധികാരമുണ്ട്.

ലൈഫ് മിഷന്‍ കരാറില്‍ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളും ലഭിച്ചു.

കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായികുന്നു ശിവശങ്കറിന്റെ അറസ്റ്റ്.

Continue Reading