Crime
ശിവ ശങ്കറിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തി. അറസ്റ്റ് നീക്കം തുടർന്ന് കസ്റ്റംസ്

തിരുവനന്തപുരം: കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം.ശിവശങ്കറിന്റെ ആൻജിയോഗ്രാം കഴിഞ്ഞു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ശിവശങ്കറിന് ഇല്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു. 24 മണിക്കൂർ അദ്ദേഹം നിരീക്ഷണത്തിൽ തുടരും. ഇതിനിടെ ശിവശങ്കറിനെ ഏത് സമയവും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്
രാജ്യത്ത് നിന്ന് അനധികൃത ഡോളർ വിദേശത്തേക്ക് കടത്തിയതിൽ എം.ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വ്യക്തമായ വിവരം. വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം യു.എസ് ഡോളറാണ്. ഈ ഡോളർ കിട്ടാൻ ബാങ്കുദ്യോഗസ്ഥരിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയത് ശിവശങ്കറാണെന്നാണ് കസ്റ്റംസിന് വിവരം ലഭിച്ചിരിക്കുന്നത്.
ഈ ഇടപാടിനായി സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് തവണ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ പ്രതി ചേർക്കാമെന്ന നീക്കത്തോടെ മുന്നോട്ടുപോകുകയായിരുന്നു കസ്റ്റംസ്.
സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസിൽ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണ് ശേഖരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിച്ചെങ്കിലും അദ്ദേഹം എത്താനാകില്ലെന്ന് പറഞ്ഞു. വെളളിയാഴ്ചയും അദ്ദേഹത്തെ കസ്റ്റംസ് വിളിച്ചു. അപ്പോഴും അസുഖമുണ്ടെന്നും ആരോഗ്യപ്രശ്നമുണ്ടെന്നും അദ്ദേഹം കസ്റ്റംസിനോട് പറഞ്ഞു. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയിരുന്നില്ല. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥ്യതകൾ പ്രകടിപ്പിച്ചത്.