Crime
ആരോഗ്യമന്ത്രി ഉറപ്പ് നൽകി സമരം പിന്‍വലിച്ച് ഹര്‍ഷിന

കോഴിക്കോട്: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലെ സമരം പിന്‍വലിച്ച് ഹര്‍ഷിന. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നീതി ലഭ്യമാക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം പിന്‍വലിക്കാന്‍ ഹര്‍ഷിന തീരുമാനിച്ചത്.
ഹര്‍ഷിനയ്ക്ക് നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഹര്‍ഷിനയെ അറിയിച്ചിട്ടുണ്ട്. ഉടന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനം എടുത്ത് ഹര്‍ഷിനയെ അറിയിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. പൂര്‍ണമായി നീതി ലഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുകയാണെന്ന് ആരോഗ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെ കണ്ട ഹര്‍ഷിന പറഞ്ഞു.
ഹര്‍ഷിനയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍. സിസ്റ്റത്തില്‍ എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടാണ് രണ്ടാമതും അന്വേഷണത്തിന് നിര്‍ദേശിച്ചത്. എങ്കില്‍ മാത്രമേ തെറ്റുകള്‍ തിരുത്താന്‍ സാധിക്കൂ. കഴിഞ്ഞ ദിവസമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇത് പരിശോധിക്കേണ്ടതുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കത്രിക ഉള്ളില്‍ പോയിട്ടുണ്ടോ എന്ന് അറിയാനല്ല അന്വേഷണം വച്ചത്. കത്രിക ഉള്ളില്‍ പോയിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. ആ കത്രിക പുറത്തെടുത്തിട്ടുണ്ട്. കത്രിക ശസ്ത്രക്രിയയയിലൂടെയാണ് ഉള്ളില്‍ പോയിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് സംഭവം ഉണ്ടായത്. അതൊന്നും നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. കത്രിക ഉള്ളില്‍ പോയിട്ടുണ്ടോ എന്ന് കണ്ടെത്താനല്ല അന്വേഷണത്തിലൂടെ ശ്രമിച്ചത്. സിസ്റ്റത്തിലെ വീഴ്ച കണ്ടെത്താനാണ് ശ്രമിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയ 2017 മുതല്‍ 5 വര്‍ഷമാണ് യുവതി വയറ്റില്‍ കത്രികയുമായി ജീവിച്ചത്. 2017 നവംബര്‍ 30നാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം അവശത വര്‍ധിച്ചതായാണ് ഹര്‍ഷിനയുടെ പരാതിയില്‍ പറയുന്നത്.
ഒടുവില്‍ വേദന അസഹനീയമായപ്പോള്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയില്‍ സ്‌കാനിങ് നടത്തിയത്. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയ്ക്ക് ഉപയോഗിക്കുന്ന കത്രികയാണ് വയറ്റിലെന്ന് വ്യക്തമായി. സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍നിന്ന് തന്നെയാണ് കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയയും നടത്തിയത്.