KERALA
ഷുക്കൂർ വക്കീൽ വീണ്ടും വിവാഹിതനാവുന്നു. നിയമത്തിലെ വിവേചനം മറികടക്കാന്‍

കാസര്‍കോട് : നിയമത്തിലെ വിവേചനം മറികടക്കാന്‍ നിയമജ്ഞരായ ദമ്പതികള്‍ പുനര്‍വിവാഹം നടത്തുന്നു. അഭിഭാഷകനും സിനിമാ താരവുമായ പി. ഷുക്കൂറും മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സര്‍വകലാശാല മുന്‍ പ്രോ വൈസ്ചാന്‍സലറുമായ ഷീന ഷുക്കൂറും ആണ് ‘വീണ്ടും’ വിവാഹിതരാകുന്നത്.
രാജ്യാന്തര വനിതാ ദിനത്തിലെ ‘രണ്ടാം വിവാഹ’ത്തെക്കുറിച്ചു ഷുക്കൂര്‍ സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ അവര്‍ക്ക് മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പൂര്‍ണസ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇരുവരും റജിസ്റ്റര്‍ വിവാഹത്തിനൊരുങ്ങുന്നത്.
ഈ മാസം 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സബ് റജിസ്ട്രാര്‍ മുന്‍പാകെ സ്‌പെഷ്യല്‍ മാര്യേജ് നിയമ പ്രകാരം വീണ്ടും വിവാഹിതരാകുന്നുവെന്ന് ഷുക്കൂര്‍ തന്നെയാണ് ഫേസ് ബുക്കില്‍ എഴുതിയത്. സ്പ്ഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന വിവാഹത്തിന് മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമം ബാധമമല്ല.
‘മുസ്‌ലിം വ്യക്തിനിയമപ്രകാരം ഞങ്ങളുടെ കാലശേഷം പെണ്‍മക്കള്‍ക്ക് സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമേ ലഭിക്കൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. തഹസില്‍ദാര്‍ നല്‍കുന്ന അനന്തരവകാശ സര്‍ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ്‍ മക്കളില്ല എന്നതാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ മുഴുവന്‍ സ്വത്തും മക്കള്‍ക്കുതന്നെ കിട്ടിയേനെ’ ഷുക്കൂര്‍ എഴുതി.
1994 ഒക്ടോബറിലായിരുന്നു ഷുക്കൂര്‍ – ഷീന വിവാഹം. മൂന്നും പെണ്‍കുട്ടികളാണ് ഈ ദമ്പതികൾക്ക് .