Crime
ഹെൽത്ത് ടോണിക്കിന് പകരം നൽകിയത് അലർജിയുള്ള ചുമമരുന്ന് നൽകി; രോഗി വെന്റിലേറ്ററിൽ

തൃശൂർ : തൃശൂർ മെഡിക്കൽ കോളജിൽ രോഗിക്ക് മരുന്നുമാറി നൽകി. അബോധാവസ്ഥയിലുള്ള ചാലക്കുടി പോട്ട സ്വദേശി അമലിനെ (25) വെന്റിലേറ്ററിലേക്ക് മാറ്റി. ഹെൽത്ത് ടോണിക്കിന് പകരം അലർജിയുള്ള ചുമ മരുന്നാണ് രോഗിക്ക് നൽകിയത്. ഇതിനിടെ മികച്ച ചികിത്സയ്ക്ക് ഡോക്ടർ 3,200 രൂപ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.
പ്രായമായ മാതാവും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പെയിന്റിങ് തൊഴിലാളിയായ അമൽ. ബൈക്ക് അപകടത്തെത്തുടർന്ന് കൈകാലുകൾ ഒടിഞ്ഞ് ഒരു മാസമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനാൽ വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു . ഇതിനിടെയാണ് മരുന്ന് മാറി നൽകിയത്.
ആശുപത്രിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ന്യായവില മെഡിക്കൽ ഷോപ്പിൽനിന്നാണ് മരുന്ന് വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായത്. ഡോക്ടർ എഴുതി നൽകിയ മരുന്നിന് പകരം ഒരു ബന്ധവുമില്ലാത്ത മറ്റൊരു മരുന്ന് അധികൃതർ നൽകുകയായിരുന്നു. 110 രൂപയും ഇതിന് ഈടാക്കി. ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാകുകയുമായിരുന്നു. അപസ്മാരത്തിന്റെ ലക്ഷണം കണ്ടതോടെ വെന്റിലേറ്റർ സഹായമുള്ള ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.