Crime
കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം ജിഷമോളെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കള്ളനോട്ട് കേസില്‍ ജിഷമോളെ പൊലീസ് പിടികൂടിയത്.
ജിഷമോളില്‍ നിന്ന് കിട്ടിയ നോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ജിഷമോളെ പരിചയമുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകളുമായി ബാങ്കിലെത്തിയത്. നോട്ടുകള്‍ നല്‍കിയത് ജിഷമോളാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയതോടെ ഇവരെ പൊലീസ് ചോദ്യംചെയ്യുകയായിരുന്നു. എന്നാല്‍ ഏറെനേരം ചോദ്യംചെയ്തിട്ടും കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ഇവർ തയ്യാറായില്ലെന്നാണ് വിവരം. ഇതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെടുക്കാനായില്ല.