Connect with us

Crime

മന്ത്രി ആന്റണി രാജുവിന് എതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി.

Published

on

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസില്‍ മന്ത്രി ആന്റണി രാജുവിന് എതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ആന്റ്ണി രാജുവും കോടതി ക്ലര്‍ക്ക് ജോസും നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്.

കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ പൊലീസിന് അവകാശമില്ലെന്നും ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് നിയമപരമായി നിലനില്‍ക്കില്ലെന്നും ആന്റണി രാജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്. അതേസമയം ആക്ഷേപം ഗൗരവമുള്ളതെന്നും നടപടിക്രമങ്ങള്‍ പാലിച്ചു മുന്നോട്ടുപോവാമെന്നും കോടതി പറഞ്ഞു.

തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചെന്ന ആക്ഷേപത്തിലാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുത്തത്. 1994 ലാണ് സംഭവമുണ്ടാകുന്നത്. അടിവസ്ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച കടത്തിയ കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍നിന്നു മാറ്റി മറ്റൊന്നു വച്ചെന്നാണ് ആക്ഷേപം.

കോടതി നടന്നെന്നു പറയുന്ന കൃത്രിമത്തിന് കോടതിയാണ് നടപടിയെടുക്കേണ്ടതെന്നും പൊലീസിന് അതിന് അധികാരമില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇത് അംഗീകരിച്ച കോടതി കേസില്‍ നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടായതായി കാണുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.

Continue Reading